
കർണാടകത്തിലെ ഉഡുപ്പിയിലെ ഒരു പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ ചില വിദ്യാർത്ഥിനികളെ കോളജ് അധികൃതർ തടഞ്ഞത് വൻ വിവാദത്തിന് കാരണമായിരുന്നു. 2022 ൽ ബിജെപി ഭരണത്തിലിരിക്കെയായിരുന്നു ആ സംഭവം. അതേ തുടർന്നാണ് യുണിഫോറം സംബന്ധിച്ച ചട്ടങ്ങൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും കോളേജുകളും കർശനമായി പാലിക്കണമെന്ന് ഗവണ്മെന്റ് ഉത്തരവ് ഇറക്കിയത്. മതപരമായ ചിഹ്നങ്ങൾ ധരിച്ച് ക്‌ളാസിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല. അതിൽ ഹിജാബും ഉൾപ്പെടും. 2022 ഫെബ്രവരി അഞ്ചിനാണ് ഈ ഉത്തരവ് വന്നത്. മാർച്ചിൽ കർണാടക ഹൈക്കോടതി അത് വിശദമായി പരിശോധിച്ചു. ഹിജാബ് നിർബന്ധിത മതയടയാളമല്ലെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച് ഗവണ്മെന്റ് ഉത്തരവ് ശരിവെക്കുകയാണ് ചെയ്തത്. എന്നാൽ സുപ്രീം കോടതി ഡിവിഷൻബെഞ്ചിലെ അംഗങ്ങൾ ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമാണ് രേഖപ്പെടുത്തിയത്. തർക്കം വിശാല ബെഞ്ചിന് വിടാൻ നിശ്ചയിച്ചെങ്കിലും ആ തീരുമാനം നടപ്പിലായില്ല. ഹിജാബ് വിഷയത്തിൽ തീരുമാനമെടുക്കാൻ 2023 മെയിൽ അധികാരത്തിൽ വന്നത് മുതൽ മുസ്ലിം സമുദായ നേതാക്കൾ സിദ്ധരാമയ്യ ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. ദാവൺഗെരെ സൗത്ത് ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായം നിസ്സഹകരണം പ്രകടിപ്പിച്ചതോടെ ഹിജാബ് വിഷയത്തിൽ ഗവണ്മെന്റ് ശ്രദ്ധ ചെലുത്തുകയായിരുന്നു. 2022 ലെ ഉത്തരവ് തിരുത്തി ഹിജാബ്, പൂണൂൽ,രുദ്രാക്ഷമാല എന്നിവ ധരിച്ച് ക്‌ളാസിലിരിക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുന്ന വ്യവസ്ഥകളാണ് പുതിയ ഉത്തരവിലുള്ളത്. എന്നാൽ കാവി ഷാൾ ധരിക്കാൻ അനുവാദമില്ല. വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പയാണ് പുതുക്കിയ ഉത്തരവിനെപ്പറ്റി മാധ്യമങ്ങളോട് വിശദീകരിച്ചത്. ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവുവും( ബ്രാഹ്മണൻ), എംഎൽഎ റിസ്വാൻ അർഷാദും(മുസ്ലിം) അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്ത് തുല്യതയും മതേതരത്വവും ഉറപ്പു വരുത്തി വിദ്യാഭ്യാസം എല്ലാ വിഭാഗത്തിൽ പെട്ടവർക്കും പ്രാപ്യമാക്കാനാണ് ഗവണ്മെന്റ് ശ്രമിക്കുന്നതെന്ന് മധു ബംഗാരപ്പ അവകാശപ്പെട്ടു. ന്യുനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ വേണ്ടി ഗവണ്മെന്റ് വളഞ്ഞ വഴി ആരായുകയാണെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക് )കുറ്റപ്പെടുത്തി.
Photo Courtesy - Google










